Latest News :

PMG Seminar : The next offline `Pre Marriage Seminar` is conducted on Nov 30 - 02 Dec and 19-21 Dec 2023...

Family Apostolate

കുടുംബത്തെ മുൻനിർത്തിയുള്ള അജപാലനശൈലിയാണ് സഭ ഇന്ന് നിർദേശിക്കുന്നത്. പഠനത്തിനായും ജോലിക്കായും സഭാമക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറുമ്പോൾ ഇടവകകളുടെ അജപാലനം ഇന്ന് ശ്രമകരമായ ഒരു ദൗത്യമായി മാറുന്നു. കൂടാതെ, സഭാപ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരേയും വിവിധകാരണങ്ങളാൽ വിഘടിച്ചുവർത്തിക്കുന്നവരേയും അന്വേഷിച്ചു കണ്ടെത്താൻ അജപാലകരായ വൈദികർക്കു കഴിയണം. വലിയ ഇടവകകളിൽ ഒരു വൈദികനു മാത്രമായി ഇതു സാധ്യമാകണമെന്നില്ല. വൈദികരോടും സമർപ്പിതരോടുമൊപ്പം പ്രേഷിതതീഷ്ണതയുള്ള അല്മായരുടേയും സാന്നിദ്ധ്യവും സഹകരണവും ഇതിനായി ഉറപ്പുവരുത്തേണ്ടത് ആധുനിക കാലഘട്ടത്തിന്റെ ഒരു അനിവാര്യതയായി മാറിക്കഴിഞ്ഞു.

ഒരു ഇടവകയുടെ സമഗ്രമായ വളർച്ചക്ക് ബഹുമാനപ്പെട്ട വികാരിയച്ചനോട് ചേർന്നു നിന്നു പ്രവർത്തിക്കാനുള്ള സംവിധാനമാണ് ഫാമിലി അപ്പോസ്റ്റലേറ്റ്.സഭ സ്വഭാവത്താൽ തന്നെ പ്രേഷിതയാണ്. ഓരോ സഭാവിശ്വാസിയും ഈ പ്രേഷിതദൗത്യത്തിൽ പങ്കുചേരേണ്ടവരാണ്. അല്മായർ തങ്ങളായിരിക്കുന്ന ജീവിതസാഹചര്യങ്ങളിൽ യേശുവിനെ പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണ്. ഈയൊരു ദൗത്യബോധം അവരിൽ വളർത്താനും സഭാശുശ്രൂഷകളിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് രൂപതയിലെ ഫാമിലി അപ്പോസ്റ്റലേറ്റ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.ഇതിനായി രൂപത മുതൽ ഫൊറോന, ഇടവക ,വാർഡ് തലങ്ങൾ വരെ അഞ്ചു വീതം ഭാരവാഹികളുടെ ഒരു ശുശ്രൂഷശൃംഖലക്ക് രൂപം കൊടുത്തിരിക്കുന്നു.

വാർഡിലെ അഞ്ചു ലീഡർമാർ വാർഡിലെ മൊത്തമുള്ള വീടുകൾ അഞ്ചായി വീതിച്ചെടുത്ത്  മൈക്രോയൂണിറ്റുകൾക്കു രൂപം നൽകിയിരിക്കുന്നു.  മൈക്രോയൂണിറ്റുതല പ്രവർത്തനങ്ങൾ വ്യാപിക്കുന്നതു വഴി ഓരോ കുടുംബവുമായും വിദൂരസ്ഥരായ കുടുംബങ്ങളുമായിപ്പോലും ഉറ്റബന്ധം സ്ഥാപിക്കാൻ കഴിയുന്നു. രൂപതാതലത്തിൽ ഫൊറാനാഭാരവാഹികളും ഫൊറാനാതലത്തിൽ ഇടവകഭാരവാഹികളും ഇടവകതലത്തിൽ വാർഡ്‌ലീഡർമാരും കൂടുന്ന പ്രതിമാസ സമ്മേളനങ്ങൾ വഴി ശ്യംഖലയിലെ ഓരോ കണ്ണിയേയും പ്രേഷിതതീഷ്ണതയാൽ വളർത്തുന്നു. ഒരു വാർഡിലുണ്ടാകുന്ന ആത്മീയമുന്നേറ്റം പോലും അയൽവാർഡുകളിലേക്കു അങ്ങനെ രൂപതമുഴുവൻ വ്യാപിക്കുന്ന പ്രേഷിതശുശ്രൂഷകളായി മാറുന്നു. പരസ്പര്യത്തിന്റേയും സ്നേഹത്തിന്റേയും ചിന്തകൾ വളരുന്നതോടൊപ്പം ലോകം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഒരു പ്രേഷിതശുശ്രൂഷയുടെ കണ്ണികളായി ദൈവം തങ്ങളെ നിയോഗിച്ചിരിക്കുന്നു എന്ന ബോധ്യം വളർത്താനും സാധിക്കുന്നു.   

പ്രവാസികളുടെ അജപാലനശുശ്രൂഷയാണല്ലോ സഭ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രൂപതയിലെ മൈക്രോയൂണിറ്റുകൾ വഴി പഠനത്തിനായും ജോലിക്കായും കേരളത്തിനു വെളിയിൽ താമസിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു ഫാമിലി അപ്പോസ്റ്റലേറ്റിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി വരികയാണ്. ഇതു പൂർത്തിയായാൽ കേരളത്തിനു വെളിയിൽ ഓരോ സ്ഥലത്തും താമസിക്കുന്നവരുടെ കൂട്ടായ്മകൾ രൂപീകരിക്കാൻ എളുപ്പമാകും.ഇവിടെ നിന്നും പുറത്തേക്കു പുതുതായി പോകുന്നവർക്ക് സുരക്ഷിതജീവിതം ഒരുക്കാനും അവരുടെ അജപാലനം കൃത്യതയിൽ നടത്താനും സഹായകരമാകും. കൂടാതെ, ദൈവത്താൽ അയയ്ക്കപ്പെട്ട പ്രേഷിതരാണ് തങ്ങളെന്ന തിരിച്ചറിവിൽ ചെന്നെത്തുന്ന സ്ഥലങ്ങളിലും പ്രവർത്തനമേഖലകളിലും സാക്ഷ്യജീവിതം വഴി യേശുവിന്റെ പ്രേഷിതരായി മാറാൻ അവർക്കു പ്രേരണയായി മാറുകയും ചെയ്യും. "നിങ്ങൾ ലോകത്തിന്റെ അതിർത്തികൾ വരെ എനിക്ക് സാക്ഷ്യം വഹിക്കുവിൻ " എന്നുള്ള യേശുവിന്റെ ദിവ്യപ്രബോധനം ഇവിടെ സാക്ഷാൽക്കരിക്കപ്പെടുകയാണ്.    

Family Apostolate - Kothamangalam ( Board Members)